പോലീസ് ലാത്തിവീശി യു.ഡി.എഫ്-എസ്.എസ്.എഫ്. പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും
കണ്ണൂര്‍:സ്റ്റേഡിയം കോര്‍ണറിന് സമീപം യു.ഡി.എഫ് – എസ്.എസ്.എഫ്. പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും. ശനിയാഴ്‌ച വൈകിട്ട് അഞ്ചുമണിയോടെ യു.ഡി.എഫ്. ജനകീയ കൂട്ടായ്‌മ തുടങ്ങുന്നതിന് മുമ്പാണ് സംഭവം. ഇതുവഴി എസ്.എസ്.എഫ്, എസ്.വൈ.എസ്. പ്രതിഷേധ റാലിയും എത്തിയപ്പോഴാണ് വാക്കേറ്റവും സംഘര്‍ഷവുമുണ്ടായത്. പ്രവര്‍ത്തകരെ വിരട്ടിയോടിക്കാന്‍ പോലീസ് ലാത്തിവീശി. സംഘര്‍ഷത്തില്‍ ലീഗ് പ്രവര്‍ത്തകന് പരിക്കേറ്റു. മൂന്ന് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. പോലീസിന്റെ ഇടപെടല്‍ കാരണമാണ് സംഘര്‍ഷം തടയാനായത്.
ഇരിക്കൂറില്‍ കഴിഞ്ഞദിവസം സുന്നി പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ചാണ് റാലി നടന്നത്. കാല്‍ടെക്‌സില്‍നിന്നാണ് പ്രകടനം തുടങ്ങിയത്. യു.ഡി.എഫിന്റെ ജനകീയ കൂട്ടായ്‌മ നടക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ റാലിയുടെ പിന്‍നിരയില്‍നിന്ന് പ്രകോപനപരമായ മുദ്രാവാക്യം വിളിയുണ്ടായി. സമീപത്തുണ്ടായിരുന്ന യു.ഡി.എഫ്. പ്രവര്‍ത്തകര്‍ ഇതില്‍ പ്രതിഷേധമുയര്‍ത്തി. പ്രകടനം കുറച്ചുകൂടി മുന്നോട്ടുപോയപ്പോള്‍ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും തുടര്‍ന്ന് ചെറിയതോതില്‍ സംഘര്‍ഷവുമുണ്ടായി. എസ്.ഐ എം.പി.ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി സംഘര്‍ഷത്തിലേക്ക് നീങ്ങുന്ന പ്രവര്‍ത്തകരെ വിരട്ടിയോടിച്ചു.
സംഘര്‍ഷത്തില്‍ ചാലാട്ടെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ റാസിക്കിനാണ് പരിക്കേറ്റത്. പോലീസും നേതാക്കളും ചേര്‍ന്ന് വാക്കേറ്റമൊഴിവാക്കി. പ്രകടനം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചെന്ന എസ്.വൈ.എസിന്റെ പരാതിയില്‍ മൂന്ന് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. പ്രകടനത്തെ യു.ഡി.എഫ്. ബഹുജനകൂട്ടായ്‌മയില്‍ നിന്ന് അക്രമികള്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായി എസ്.എസ്.എഫ്. ആരോപിച്ചു.
